History
പുരാതനമായ നടുവില്ലം കുടുംബത്തിന്റെ ആവിർഭാവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകൾ നമ്മുടെ കൈവശമില്ലെങ്കിലും സമകാലിക കുടുംബങ്ങളുടെ ചരിത്രങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള സൂചനകളും നമ്മുടെ പൂർവ്വ പിതാക്കന്മാരിൽ നിന്നും കൈമാറി കെട്ടിയ കൃത്യമായ വിവരങ്ങളും മറ്റു ചരിത്രവസ്തുക്കളുടെ പിൻബലത്തോട് കൂടിയ അറിവുകളും സംയോജിപ്പിച്ചാണ് ഈ ലഘുചരിത്രം തയ്യാറാക്കിയിട്ടുള്ളത്. പിൽക്കാലത്ത് കുറവിലങ്ങാട്ട് നിന്നും അയിരൂർ ഗ്രാമപഞ്ചായത്തിൽ കുടിയേറിപ്പാർത്ത പകലോമറ്റം താഴമൺ കുടുംബത്തിന്റെ ചരിത്രത്തിൽ അവർ അയിരൂരിൽ എത്തുമ്പോൾ ഇവിടെയുണ്ടായിരുന്ന ക്രിസ്തീയ കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം നടുവില്ലം കുടുംബത്തിനായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അയിരൂർ ഗ്രാമപഞ്ചായത്തിലെ ഇടക്കാല ഭരണകർത്താക്കളായിരുന്ന കോവിലന്മാരുടെ ഉറ്റ സുഹൃത്തുക്കളായും അധികാരികളുടെ മന്ത്രിമാരായും നമ്മുടെ പൂർവ്വ പിതാക്കന്മാർ കഴിഞ്ഞിരുന്നു. ഇന്ന് നാമാവശേഷമായിത്തീർന്ന കോട്ടയ്ക്കകത്ത് കോവിലധികാരികളുടെയും ബ്രാഹ്മണരുടെയും വീടുകളോടൊപ്പം നടുവില്ലം കുടുംബക്കാർക്ക് മാത്രമേ താമസിക്കാൻ അനുവാദം കൊടുത്തിരുന്നുള്ളൂ എന്നാണ് ചരിത്രം.നടുവില്ലം കുടുംബത്തിന് ആദ്യ കാലഘട്ടങ്ങളിൽ നാടുവാഴികളിൽ നിന്ന് ലഭിച്ചിരുന്ന പല പ്രത്യേക ആനുകൂല്യങ്ങളും ഇതര ക്രിസ്തീയ കുടുംബങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്ന ചരിത്ര വസ്തുതകൾ തെളിയിക്കുന്നു. പിൽക്കാലത്ത് മാറിവന്ന അധികാരികളുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റാൻ കഴിയാതിരുന്നത്കൊണ്ടാവാം നമ്മുടെ കുടുംബത്തിന്റെ വളർച്ചയ്ക്ക് മങ്ങലേറ്റതും വിവിധ പ്രദേശങ്ങളിലേക്ക് ചിതറി പോകുവാൻ ഇടയായത് .കാലാകാലങ്ങളിൽ ഭരണകർത്താക്കൾ തമ്മിലുള്ള മത്സരവും ശത്രുതയും അവരുടെ അനുകൂലികളായുള്ളവരെ ബാധിക്കാറുണ്ട് എന്നുള്ളത് ഒരു ചരിത്ര സത്യമാണല്ലോ .അങ്ങനെ ഒരുകാലത്ത് അയിരൂരിലെ പ്രമുഖർ ആയിരുന്ന നടുവില്ലം കുടുംബാംഗങ്ങൾക്ക് പിൽക്കാലത്ത് ക്ഷതമേൽക്കേണ്ടതായി വന്നുവെന്നും വേണം അനുമാനിക്കുവാൻ. ചിതറി പാർക്കാൻ ഇടയായ നമ്മുടെ കുടുംബങ്ങൾ തമ്മിൽ ഇടക്കാലത്ത് വേണ്ടത്രബന്ധം പുലർത്താതിരുന്നത് നടുവില്ലം കുടുംബത്തിന്റെ വളർച്ചയെയും കെട്ടുറപ്പിനെയും സാരമായി ബാധിച്ചു. പൂർവ്വ പിതാക്കന്മാർ കെട്ടിപ്പടുത്ത ജീവിതശ്രേണി കാലക്രമത്തിൽ താളം തെറ്റിപ്പോകാൻ ഇടയായതിന്റെ വ്യക്തമായ കാരണം നമുക്ക് അജ്ഞാതമാണെങ്കിലും ഒത്തുപിടിച്ചാൽ മലയും പോരും എന്ന പ്രമാണത്തിൽ ഒന്നിച്ചുനിൽക്കാൻ കഴിയാത്തതിന്റെ കുറവ് ഇന്നും നമ്മെ ബാധിച്ചിട്ടില്ല എന്ന് സംശയിക്കേണ്ടതായിരിക്കുന്നു. നടുവില്ലം കുടുംബത്തിന്റെ ആദ്യത്തെ അഞ്ചു തലമുറകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഫാമിലി ചാർട്ട് ഇപ്പോൾ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട് അതിലെ എല്ലാ കണ്ണുകളെയും പൂർണ്ണമായി കണ്ടെത്താനോ അവരുടെ സ്ഥിതി വിവരങ്ങൾ മനസ്സിലാക്കുവാനും ഇനിയും പ്രയത്നം ആവശ്യമായിരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേയറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിവിധ ശാഖ ശാഖകളിൽപ്പെട്ട 350 ൽ പരം കുടുംബാംഗങ്ങളെ ഇതിനോടകം നമ്മുടെ കുടുംബലിസ്റ്റിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട്. നടുവില്ലo കുടുംബത്തിന്റെ 61-)o മത് വാർഷികം 1988 സെപ്റ്റംബർ 10-)o തീയതി അയിരൂർ കലാലയം ഹാളിൽ വച്ച് നടത്തിയപ്പോൾ 325 കുടുംബങ്ങളോളം പങ്കെടുക്കുകയുണ്ടായി സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന പല വ്യക്തികളും കുടുംബങ്ങളും വളരെ ഉത്സാഹത്തോടു കൂടിയാണ് കുടുംബയോഗ ക്ഷേമത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു എന്നുള്ളത് സന്തോഷകരമാണ്. 1988-ൽ പുനരുദ്ധരിക്കപ്പെട്ട നമ്മുടെ കുടുംബയോഗം ദൈവകൃപയാൽ അനസ്യുതംവളർന്നുകൊണ്ടിരിക്കുന്നു എന്നതിൽ അനുമാനിക്കാം. ഈ കുടുംബയോഗത്തിന്റെ ഒരുമ വീണ്ടെടുക്കുന്നതിന് അത്യധ്വാനം ചെയ്ത പരേതനായ ചെറിയ ചാങ്ങയിൽ, സി.ജെ തോമസ് സാറിനെ ആദരപൂർവ്വം സ്മരിക്കുന്നു നമ്മുടെ കുടുംബയോഗത്തിൽപ്പെട്ട വിവിധ ശാഖകളിലെ കുടുംബങ്ങൾ കേരളത്തിന് അകത്തും പുറത്തുമായി അധിവസിക്കുന്നവരുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കുവാൻ നടത്തിയ നിരന്തര പരിശ്രമ ഫലമായി കുടുംബയോഗത്തിന്റെ പേരിൽ ഒരു ഡയറക്ടറി പ്രസിദ്ധീകരിക്കുവാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. കുടുംബ യോഗ കമ്മറ്റി അംഗങ്ങളുടെയും ചുമതലക്കാരുടെയും സഹകരണത്തോടെ പ്രസ്തുത ഡയറക്ടറിയുടെ പ്രസിദ്ധീകരണത്തിനായി നേതൃത്വം നൽകിയ കുടുംബാംഗങ്ങളായ പരേതനായ ഫിലിപ്പോസ് മാത്യു പഴമണ്ണിൽ, ശ്രീ ജോൺസി വർഗീസ് ചെറിയ ചാങ്ങയിൽ എന്നിവരെ പ്രത്യേകം നന്ദിപൂർവ്വം സ്മരിക്കുന്നു. നമ്മുടെ കുടുംബയോഗത്തിന്റെ ലഘുചരിത്രം തയ്യാറാക്കുന്നതിന് പ്രധാന പങ്കു വഹിച്ചു ശ്രീ P.C വർഗീസ് പഴമണ്ണിൽ ശ്രീ ടിജി മാത്യു മലയിൽ ബദനി കോളേജ് എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു. യോഗ പുനരുദ്ധാരണ കമ്മിറ്റിക്ക് നേതൃത്വം നൽകിയ ശ്രീ എം സി അലക്സാണ്ടർ മലയിൽ പരേതനായ ശ്രീ കുര്യൻ ജോർജ് പഴമണ്ണിൽ ജോൺ സി വർഗീസ് ചെറിയ ചാങ്ങയിൽ ജെയിംസ് കോട്ടയിൽ തുടങ്ങിയ ടീം അംഗങ്ങളുടെ വിലപ്പെട്ട സേവനങ്ങൾക്കായി ദൈവത്തിന് നന്ദി കരേറ്റുന്നു. നമ്മുടെ കുടുംബയോഗത്തിന്റെ പുനരുദ്ധാരണ പ്രക്രിയയിൽ വളരെ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ചവരിൽ ഏറെ പേരും ഈ ലോകത്തിൽ നിന്ന് വേർപെട്ട നിത്യതയിലേക്ക് പ്രവേശിച്ചു. ആദ്യ സമ്മേളനം 1988 നടത്തുവാനും ഒരു ലഘുചരിത്രവും നിയമാവലിയും കുടുംബാംഗങ്ങളുടെ ലിസ്റ്റും ഭാരവാഹികളുടെയും കമ്മറ്റി അംഗങ്ങളുടെയും ഫോട്ടോയും ഉൾക്കൊള്ളിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ ദൈവം സഹായിച്ചു. ഇതിന്റെ കോപ്പികൾ ഇന്നും പലരുടെയും കൈവശം ഇല്ല എന്നത് ദുഃഖകരമാണ്. പ്രസ്തുത സമ്മേളനത്തിൽ പങ്കാളികളായിരുന്നവരുടെ വിലപ്പെട്ട സേവനങ്ങളെ ഓർത്ത് ദൈവത്തിന് നന്ദികേറ്റുന്നു. നമ്മുടെ കുടുംബയോഗം കുടുംബാംഗങ്ങളുടെ ഐക്യമത്വം കെട്ടുറപ്പിനും ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കും ഏറ്റവും പ്രയോജനകരമായ ഒരു പ്രസ്ഥാനമായി വളരട്ടെ എന്ന് ആശംസിക്കുന്നു. കാലാകാലങ്ങളിൽ ഈ പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ ആയിരുന്നവരുടെ ലിസ്റ്റ് ഇതിനോടൊപ്പം ചേർക്കുന്നു. പരേതരായ കെ വത്സൻ എൻ ടി ജോൺ ഫിലിപ്പോസ് മാത്യു എന്നിവരുടെ സേവനങ്ങളെ ആദരപൂർവ്വം സ്മരിക്കുന്നു .കുടുംബയോഗത്തിന് ഒരു ഫാമിലി ചാർട്ട് ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പരേതനായ ജെയിംസ് വർഗീസ് കോട്ടയിലെ വിലപ്പെട്ട സേവനങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു. പണിക്കരു വീട്ടിൽ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ഈ പ്രസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളികളായി സജീവമായി പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്ന പരേതനായ ശ്രീ തോമസ് കോരുത് ഇവാഞ്ചലിസ്റ്റ് ,പരേതയായ ശ്രീമതി ഏലിയാമ്മ ജോർജ് മലയിൽ എന്നിവരുടെ സേവനങ്ങൾക്കായി ദൈവത്തിന് നന്ദി കരേറ്റുന്നു. 2020 മുതൽ നമ്മുടെ കുടുംബയോഗത്തിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ഫാദർ ചെറിയാൻ സി കോട്ടയിൽ കുടുംബയോഗ പ്രവർത്തനം സജീവ നേതൃത്വം നൽകിവരുന്ന അദ്ദേഹത്തിന്റെ വിലപ്പെട്ട സേവനങ്ങൾ തുടർന്നും ലഭിക്കുന്നതിന് സർവ്വശക്തനായ ദൈവം ശക്തീകരിക്കട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ കുടുംബാംഗങ്ങളോട് ഒരു അഭ്യർത്ഥന ഈ കുടുംബയോഗം ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം നമ്മുടേതാണ് സീനിയർ അംഗങ്ങളായ പലരും ഇന്ന് ശാരീരികമായി പരിക്ഷീണരാണ്. യുവ തലമുറക്കാർ സജീവമായി പ്രവർത്തിച്ചെങ്കിൽ മാത്രമേ നമ്മുടെ കുടുംബയോഗം നിലനിൽക്കുകയുള്ളുവെന്ന സത്യം ഉൾക്കൊണ്ട് പ്രവർത്തനം ശക്തിപ്പെടുത്തുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നാൽ എല്ലാ ശാഖകളുടെയും പൂർണ്ണമായ സഹകരണം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു കുടക്കീഴിൽ ഒന്നിച്ച് നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞാൽ നടുവില്ലം കുടുംബത്തിന് വളർച്ചയുടെ നാഴിക കല്ലുകൾ വളരെ വേഗം താണ്ടി കടക്കുവാൻ കഴിയും. കുടുംബ ക്ഷേമത്തിനായി പല പദ്ധതികളും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു ബുദ്ധിമുട്ട് അനുഭവിക്കുന്ന നമ്മുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തം നീട്ടി കൊടുക്കുവാൻ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ നമുക്ക് കഴിയും. കാലോചിതമായ ചിന്തകളും പ്രവർത്തനങ്ങളും ഇന്നത്തെ സമൂഹത്തിന്റെ വളർച്ചയ്ക്ക് പ്രയോജനകരമായ പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന മറ്റ് അനവധി കുടുംബയോഗങ്ങളുടെ മധ്യത്തിൽ നടുവിലും കുടുംബയോഗത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കുവാൻ നമുക്ക് കഴിയണം. ജീവിതത്തിന്റെ വിവിധ തലമുറകളിൽ ശോഭിക്കുന്ന വ്യക്തികൾ നമ്മുടെ കുടുംബത്തിലുണ്ട് അവരുടെ ബുദ്ധിയും കഴിവും ഒന്നിച്ച് ചേർന്നാൽ നമുക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല അങ്ങനെ ഈ കുടുംബ ചരിത്രം അഭിമാനത്തോടെ വരും തലമുറയ്ക്ക് കൈമാറുവാൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ.